Mebin Devasia's profile

Short Stories- KUDIYAN (DRUNKARD)

KUDIYAN (DRUNKARD) കുടിയൻ
Malayalam Story
ആഭിജാത്യം ഏഴയലത്തൂടെ പോലും പോകാത്ത ഒരു പേരു. പേരു മാത്രമല്ല അതൊരു അവസ്‌ഥയാണ്‌. ഒരു സംസ്കാരം ആണ്. ഒത്തിരി അനുഭവങ്ങളുടെ ആകെ തുകയാണ്. 
ഇരുട്ടു മെല്ലെ പരന്നു തുടങ്ങിയിരിക്കുന്നു.കാരണം തെരുവ് വിളക്കുകൾ മഞ്ഞ പ്രകാശം പൊഴിച്ചു നിൽക്കുകയാണ്. അല്ലാതെ സന്ധ്യയായി എന്നു മനസിലായിട്ടൊന്നുമല്ല. ഞാൻ ഇവിടെ വരുമ്പോഴുണ്ടാരുന്ന അന്തരീക്ഷം അല്ല. നിറയെ ആൾകാർ. എത്ര കുടിച്ചു.കണക്കൊന്നും ഓർമ ഇല്ല. കൈയിൽ ഉള്ള പൈസ ഒകെ തീർന്നു. തീർന്നത് കൊണ്ടാണ് ഇറങ്ങി പോന്നത്. താഴേക് ഊർന്നു പോകാൻ നിൽക്കുന്ന പാന്റിന്റെ ഒരറ്റത്ത് പിടിച്ചു പോക്കറ്റിലേക് കൈകൾ ഇറക്കി നോക്കി. ഒരു മുഷിഞ്ഞ നോട്ട് കൈയിൽ തടഞ്ഞു. വെളിച്ചത്തേക് മാറി നിന്നു സൂക്ഷിച്ചു നോക്കി. ഒരു പത്തു രൂപയുടെ നോട്ട്. ഇതിനി എന്തു ചെയ്യാനാണ്. അതു തിരികെ അവിടെ തന്നെ സുരക്ഷിതമായി നിക്ഷേപിച്ചു. 
പുതിയ ആളുകൾ വരുന്നുണ്ട് കുടിക്കാൻ. ചിലർ കൂട്ടമായി, ഉച്ചത്തിൽ സംസാരിച്ചു കൊണ്ടു. സൊറ പറയാൻ വെമ്പുകയാണ് അവരുടെ മനസു. മദ്യം ചെല്ലുമ്പോഴേക്കും അത് അതിന്റെ മൂർത്ത ഭാവത്തിലെത്തും. ചിലർ അധികം സംസാരിക്കുന്നൊന്നുമില്ല. എന്നാൽ രണ്ടു തുള്ളി ചെല്ലട്ടെ. അവരുടെ ബന്ധനങ്ങളും അവർ പൊട്ടിചെറിയും. ചിലർ ഒറ്റക്കാണ് വരുന്നത്. തീവ്രമാണ് അവരുടെ മനസു. മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എന്തു വികാരമാണ് അവരെ ഇങ്ങോട്ടു നയിക്കുന്നത് എന്നു. ഞാനെന്തിനാണ് വന്നത്? വിരസത എന്നെ വിഴുങ്ങുന്നു എന്നു തോന്നിയപ്പോൾ. അല്ലാതെന്തു. കണ്ടോ ഇപ്പോൾ എന്തു സുഖമുണ്ടെന്നു. അലട്ടുന്ന മനസിന്റെ മരുന്നാണ് മദ്യം. കഠിന വേദനയുള്ള ശസ്ത്രക്രിയ ചെയ്യുമ്പോ അതറിയതിരിക്കാൻ രോഗിക്കു കൊടുക്കുന്ന മയക്കാനുള്ള മരുന്ന് പോലെ. ഇപ്പോൾ ഞാൻ വേദന ഒന്നും അറിയുന്നില്ല. എന്റെ മുന്നിൽ ഉള്ളവർ എല്ലാം നല്ലവർ ആണ്. എന്തു ഭംഗിയാണ് ഇപോ ചുറ്റിനും. ചിലപ്പോൾ ചുറ്റുമുള്ളത്തിനൊന്നും ഭംഗി പോര എന്നു തോന്നിയപ്പോൾ അതിന്റെ അഴക് കൂട്ടാൻ വേണ്ടി വന്നവരായിരിക്കും ഒറ്റക്കമ്പനികൾ. അങ്ങനെ നോക്കുമ്പോൾ എല്ലാത്തിനെയും നല്ലതായി കാണാൻ ആഗ്രഹിക്കുന്ന നന്മ മരങ്ങൾ ആണവർ.
കുറച്ചു ദൂരം കാല്നടപതായിലൂടെ മുന്നോട്ട് നടന്നു. അടിയിലൂടെ ഒഴുകുന്ന വിഴുപ്പു മൊത്തം മറയ്ക്കാൻ ചതുരത്തിൽ നിരത്തിയിട്ടിരുകുന്ന കോണ്ക്രീറ്റ് കഷണങ്ങളുടെ ഒരു ദ്വാരത്തിൽ നിന്നു ഒരു മുഴുത്ത എലി എന്റെ കാലിന്റെ ഇടയിലൂടെ പാഞ്ഞു പോയി. അഴുകിലും ചില ജീവിതങ്ങൾ സന്തോഷമായി ജീവിക്കുന്നുണ്ട്. അടുത്തുള്ള ഒരു പഴകടയുടെ ഞാന്ന ഒരു പ്ളാസ്റ്റിക് ഷീറ്റിനിടയിൽ അത് ഞൊടിയിടയിൽ മറഞ്ഞു. ഞാനാ കടയിലേക്ക് നോക്കി. ഒരു കാലത്തു എനിക്കത്ര ഇഷ്ടമുള്ളതും എന്നാൽ ഇന്ന് കാണുമ്പോൾ ഒരു പരിചയ നോട്ടത്തിൽ മാത്രം ഒതുക്കി കടന്നു പോകുന്ന ഒരു പഴയ സുഹൃത്തിനെ പോലെ തോന്നിച്ചു എനിക്കവിടെ നിരത്തി വച്ചിരിക്കുന്ന ഓരോ പഴങ്ങളും.
ഒരിക്കൽ പോലുമവയുടെ രുചി നുണയാണോ ആർക്കും വാങ്ങി നൽകാനോ ഞാൻ ആഗ്രഹിച്ചില്ല. പഴയ രുചിയെ മനസിൽ ഓർത്തു, കണ്ട സന്തോഷത്തോടെ ഞാൻ അവയെ കടന്നുപോയി.
കുറെ നേരമായി നടക്കുന്നു. എത്ര നേരമായി. ചുറ്റുപാട് എല്ലാം ഒരു പോലെ തന്നെ. തിരിവുകളും തെരുവുകളും കുറച്ചെണ്ണം കഴിഞ്ഞിരിക്കുന്നു.കാലുകൾ ചെറുതായി കുഴയുന്ന പോലുണ്ട്. പക്ഷെ ക്ഷീണമൊന്നും തോന്നുന്നില്ല. വലിയ വണ്ണത്തോടെ മണ്ണിലേക്ക് നങ്കൂരമിറകിയ ഒരു മരത്തിന്റെ ചുവട്ടിൽ ഞാൻ അൽപ സമയം നിന്നു. അധികം വെളിച്ചമില്ലാത്ത ആളൊഴിഞ്ഞ ഒരു കടത്തിണ്ണയിൽ ഒരു ചെമ്പൻ പട്ടി കിടക്കുന്നുണ്ട്. ഞാൻ നിനക്കു ശല്യകാരൻ ആകുവേല എന്നു മനസിൽ പറഞ്ഞു കൊണ്ട് ഒരു മൂലയിൽ ഞാൻ ഇരിപ്പുറപ്പിച്ചു. അതു എന്നെ അൽപസമയം തലയുയർത്തി നോക്കി. അവിടെ നിന്നും മെല്ലെ എഴുന്നേറ്റു തല കുനിച്ചു വാലാട്ടി എന്റെ അടുത്തു വന്നു കിടന്നു.
ഞാനതിന്റെ അത്ര രോമമൊന്നും ഇല്ലാത്ത പുറത്തു പതുകെ ഒന്നു തലോടി. അതവിടെ ഇരു കൈകളും മുന്നോട്ടു നീട്ടി താടി നിലത്തു ചേർത്തു പതിഞ്ഞു കിടന്നു.ഭാഗ്യം! ഒന്നും ചോദിക്കാതിരുന്നത്.സാധാരണ നായകൾ വന്നു വാലാട്ടി നിൽക്കുകയാണ് പതിവ്. എന്തെങ്കിലും തരുന്നില്ലേ എന്ന മട്ടിൽ. ഇതെന്റെ കയ്യിൽ ഒന്നുമില്ല എന്നു മനസിലാക്കി എന്നു തോന്നുന്നു. അതിനു ഒന്നും വേണ്ടഞ്ഞിട്ടല്ല എന്തായാലും. ചിലർ അങ്ങനെയാണ്. ഒന്നും പറയാതെ തന്നെ നമ്മടെ ഇല്ലായ്മ അറിയും. കൂടെ നിൽക്കും.
ഇനി എന്തു എന്ന ചോദ്യമൊന്നും എന്റെ മുന്നിലില്ല. ഒരു സമാധാനം ഉണ്ട്. കാലുകൾക്ക് ആണത്. ഞാൻ മുന്നോട്ടു രണ്ടു കാലുകളും നീട്ടി വെച്ചിരുന്നു. ആളുകൾ തലങ്ങും വിലങ്ങും പൊകുന്നുണ്ട്. വണ്ടികളും. ചിലർ വ്യായാമം പോലെ നടക്കാൻ ഇറങ്ങിയതാണ്. പക്ഷെ അത്ര വേഗത്തിലൊന്നുമല്ല. ഇറങ്ങിയപ്പോൾ പലർക്കും വേഗം ഉണ്ടായിരുന്നിരിക്കാം. പരസ്പരം കുശലം പറഞ്ഞു പോകുന്നവർ അവരുടെ നടത്തത്തിന്റെ വേഗത കുറച്ചു സംസാരത്തിലേക്കു കടന്നിരുന്നു. ഒന്നും മിണ്ടാതെ പോകുന്നവർ അപ്പോഴും വേഗത്തിൽ തന്നെയാണ്. എന്തിനാണ് ഇവർ ഇത്ര വേഗം ജീവിച്ചു തീർക്കാൻ പാട് പെടുന്നത്. ചിലർ ഒറ്റയ്ക്കു സംസാരിച്ചു പോകുന്നുണ്ട്. പക്ഷെ അങ്ങനല്ല എന്നു സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി. ചെവിയിൽ തിരുകിയ സാധനത്തിലൂടെ അങ്ങേ തലയ്ക്കൽ ആരോ ഉണ്ട്. അവർക്കും വേഗത അത്രയൊന്നുമില്ല. നമ്മൾ എന്തിനെ പറ്റിയാണ് ഇത്ര സംസാരിക്കുന്നതു. രണ്ടു നായകൾ പരസ്പരം കണ്ടു മുട്ടിയാൽ അവ ഇങ്ങനൊന്നുമല്ലല്ലോ. പരസ്പരം അറിയാനും ബന്ധം സ്ഥാപിച്ചെടുക്കാനും മനുഷ്യനെപ്പോലെ ധൃതി ഉള്ള ഒന്നുമില്ല ഈ ലോകത്തു.
ഏകാന്തതയെ പലപ്പോഴും വെറുക്കുന്നവനാണ് അവൻ. ഒറ്റയ്ക്കായിരികൻ ഇഷ്ടപ്പെടാത്ത ജീവികളിൽ മുന്നിലാണ് അവൻ. അല്ലെങ്കിൽ അവൻ ഭ്രാന്തനോ അസാധാരണ മനസു ഉള്ളവനോ ആയിരിക്കും.
അവിടെയിരുന്നു പതിയെ മയകത്തിലേക്കു വീഴുന്നതിന്ന് തടയിട്ട് ഒരു പറ്റം കൊതുകുകൾ എന്റെ ചുറ്റിലുമെത്തി. ആദ്യം കൈ വീശി അടിച്ചും ചൊറിഞ്ഞും ഞാനതിൽ നിന്നു രക്ഷപെടാൻ നോക്കി. അഴുക്കിലെ ജീവികൾ ആണവരും. പക്ഷെ നമുക്കിഷ്ടമില്ലെങ്കിലും അവർ ജീവിക്കും. ജീവിക്കാനുള്ള ചോര കുടിയ്ക്കിടക് ചിലർ മരണപ്പെടും. ഹൃസ്വമായ ജീവിതം. പക്ഷെ എനിക്കിവയോട് ഒരു കരുണയും തോന്നിയിട്ടില്ല. ഇതു ചെറുതല്ലേ. ഇത്തിരി പോന്നത്. അനേകമുണ്ട് താനും. പോരാതെ കടിയും. മനുഷ്യന്റെ ജീവി സ്നേഹം അങ്ങനെ ആണ്. വലിപ്പം കുടുന്നതിനോട് സ്നേഹം കൂടുതൽ ആയിരിക്കും. പിന്നെ അവയുടെ എണ്ണവും. ഒരിടത്തു ഒരു മയിലും കാക്കയും ഇരുന്നാൽ, മയിലിനെ മാത്രമേ നമ്മുടെ കണ്ണുകൾ കാണുകയുള്ളൂ. എന്നും കാണുന്ന ആ ഒരു കാക്കയ്ക്കെന്തു വില. ഇങ്ങനാണ് നമ്മൾ ജീവനെ കാണുന്നത്. ഒരു പ്രത്യേക കൂട്ടമായി ആണ്. ആ കൂട്ടത്തിന് ആണ് വില. ഒരു രാജ്യത്തിനാണ് വില. ഇന്ത്യയിൽ നൂറു പേര് പട്ടിണി കിടന്നു മരിക്കുന്നതും, അമേരിക്കയിൽ അങ്ങനെ സംഭവിക്കുന്നതും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്.ഇതൊക്കെയാണെങ്കിലും കൊതുകിന്റെ കടി എനിക്കു തീരെ സഹിക്കാൻ പറ്റാത്തതായി വന്നു. എല്ലാ മനുഷ്യരെയും പോലെ, ശപിച്ചു കൊണ്ടു ഞാനും അവിടെ നിന്നു ഉറുണ്ടെഴുന്നേറ്റു.
Short Stories- KUDIYAN (DRUNKARD)
Published:

Owner

Short Stories- KUDIYAN (DRUNKARD)

Published:

Tools

Creative Fields